നേപ്പാളില്‍ വന്‍ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു.പറന്നുയരാന്‍ ശ്രമിക്കുമ്ബോള്‍ തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ കാഠ്‌മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയില്‍ റണ്‍വേക്ക് മുന്‍പില്‍ തകര്‍ന്നുവീണുവെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.

68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിച്ച്‌ 15ാം ദിവസമാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനമാണ് തകര്‍ന്നത്. വിദേശ പൗരന്മാര്‍ യാത്രക്കാരില്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

യെതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍തുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്കിടയിലെ റണ്‍വേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. വിമാന സുരക്ഷയുടെ കാര്യത്തില്‍ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാള്‍. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്കരമാക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റണ്‍വേകള്‍ ചെറുതാണെന്നതും വെല്ലുവിളിയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നാല് ഇന്ത്യാക്കാര്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.

Post a Comment